ബ്രസീലിയ: അടുത്ത വർഷത്തെ യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി31) തുർക്കിയിൽ നടത്താൻ ധാരണ. അതേസമയം ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ഓസ്ട്രേലിയ ആയിരിക്കും. ബ്രസീലിലെ ബെലം നഗരത്തിൽ നടന്നുവരുന്ന സിഒപി30-ൽ തുർക്കിയും ഓസ്ട്രേലിയയും ഇക്കാര്യത്തിൽ ധാരണയിലെത്തുകയായിരുന്നു.
പടിഞ്ഞാറൻ യൂറോപ്പിനോ, ഓസ്ട്രേലിയ-പസഫിക് ദ്വീപ് രാജ്യങ്ങൾക്കോ ആണ് അടുത്ത വർഷത്തെ ഉച്ചകോടി നടത്താനുള്ള അവകാശം. തുർക്കിയും ഓസ്ട്രേലിയും ഒരുപോലെ അവകാശം ഉന്നയിച്ചിരുന്നു.
തുർക്കിയിലെ അന്റല്യ നഗരമായിരിക്കും അടുത്ത ഉച്ചകോടിക്കു വേദിയാവുകയെന്ന സൂചനയുണ്ട്. ഉച്ചകോടിയിൽ ഗവൺമെന്റ് തല ചർച്ചകൾക്കു നേതൃത്വം നല്കുന്നത് ഓസ്ട്രേലിയൻ പരിസ്ഥിതി മന്ത്രിയായിരിക്കും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതഫലങ്ങൾ നേരിടുന്ന പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ, ഫിജി തുടങ്ങിയ പസഫിക് ദ്വീപ് രാജ്യങ്ങൾ പുതിയ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു.